ഗെയില്‍ ഓംവെദ്‌
സാമൂഹിക ശാസ്ത്രജ്ഞ, ഗവേഷക, അധ്യാപിക, മനുഷ്യാവകാശ പ്രവര്‍ത്തക. ജാതി നശീകരണ ദളിത് മുന്നേറ്റം, വര്‍ഗസമരം, സ്ത്രീ സമത്വ പോരാട്ടം, പരിസ്ഥിതി ഇടപെടലുകള്‍ തുടങ്ങിയ മേഖലകളില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയയാണ്. അമേരിക്കയിലെ മിനിസോട്ടയിലെ മിനിയാപൊളിസില്‍ 1941ല്‍ ജനിച്ച ഓംവെദ്, ഇന്ത്യയിലാദ്യം എത്തുന്നത് പഠനത്തിന്റെ ഭാഗമായാണ്. പി.എച്ച്.ഡി. പ്രബന്ധ രചനയ്ക്കായി ഇന്ത്യയില്‍ വീണ്ടുമെത്തിയ ഇവര്‍ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തുടര്‍ന്ന് ഇന്ത്യയില്‍ സ്ഥിര താമസം. സോഷ്യോളജിയില്‍ യു.സി. ബെര്‍ക്കലിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഓംവെദ് സാന്‍ ഡിയാഗോയിലെ അധ്യാപക ജോലി ഉപേക്ഷിച്ചാണു വന്നത്. മഹാരാഷ്ട്രയില്‍ ബഹുജന്‍ വിഭാഗത്തില്‍പ്പെട്ട, ആക്റ്റിവിസ്റ്റ് ഭരത് പട്‌നാകറിനെ വിവാഹം കഴിച്ച അവര്‍ 1983 മുതല്‍ ഇന്ത്യന്‍ പൗരയാണ്. ഇപ്പോള്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ് (ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍). ഒപ്പം യു.എന്‍.ഡി.പി. നോവിബ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ലിംഗം, പരിസ്ഥിതി, ഗ്രാമീണ വികസനം എന്നീ മേഖലകളില്‍ കണ്‍സള്‍ട്ടിങ് സോഷ്യോളജിസ്റ്റാണ്. പൂനെ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസില്‍ വിസിറ്റിങ് പ്രൊഫസറുമാണ്. രാജ്യത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളില്‍ പതിവായി സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി എഴുതിവരുന്നു. വി ഷാള്‍ സ്മാഷ് ദിസ് പ്രിസണ്‍: ഇന്ത്യന്‍ വിമണ്‍ ഇന്‍ സ്ട്രഗിള്‍ (1979), റി ഇന്‍വെന്റിങ് റവല്യൂഷന്‍: ന്യൂ സോഷ്യല്‍ മൂവ്‌മെന്റ് ഇന്‍ ഇന്ത്യ (1993), ജെന്‍ഡര്‍ ആന്‍ഡ് ടെക്‌നോളജി (1994), ദളിതുകളും ജനാധിപത്യ വിപ്ലവവും (1994), ദളിത് കാഴ്ചപ്പാടുകള്‍: ജാതിവിരുദ്ധ മുന്നേറ്റവും ഇന്ത്യന്‍ സാംസ്‌കാരിക അസ്തിത്വവും (1994), ബുദ്ധിസം ഇന്ത്യയില്‍: ബ്രാഹ്മണ്യവും ജാതിയും തുടങ്ങിയ കൃതികളുടെ രചയിതാവാണ്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍